Sunday, May 10, 2015

കാലങ്ങളായി പെയ്യുന്ന മഴ, അതേ ദേശം അതേ പൗരന്മാർ...

ആദ്യം നമ്മൾ
കുറേക്കാലത്തേക്ക് ഒന്നും മിണ്ടുകയില്ല.
അതങ്ങനെയാണ്
മൗനത്തിന്റെ മഴയത്ത് നിൽക്കും.

ഓരോ തുള്ളിയും നമ്മുടെ മീതേയ്ക്ക് പറന്നു വരും
നെഞ്ചിൽ  തൂവൽ കൊണ്ടു  തൊടും
നമ്മൾ  ആസ്വദിച്ച് നനയും
അതിന്റെ സംഗീതം കേട്ടു നിൽക്കും
ഒന്നിച്ചിരുന്ന്
ഐസ്ക്രീം പോലെ മാധുര്യമുള്ള
അതിന്റെ തണുപ്പ്  നുണയും

ഞാനപ്പോൾ
മോണിങ്ങ് കോഫിയുടെ മണമുള്ള വിരലുകൾ കൊണ്ട്
നിന്റെ മുടിയിൽ അദൃശ്യമായി തൊടും
നിനക്കുമാത്രമറിയുന്ന
പ്രത്യേക ലിപിയുള്ള ഒരു ഭാഷയിൽ
നിന്നെ തലോടും

കാറ്റിൽ നിന്റെ മുടിച്ചുരുളിൽ
ഞാൻ മാത്രം ഒരു നീലക്കടൽ കാണും
വിദൂരതയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ  പോലെ കണ്ണുകളും
എനിക്കറിയാം
എല്ലാം അനേകായിരം പേർ പറഞ്ഞുകഴിഞ്ഞ രൂപകങ്ങളും ഉപമകളും തന്നെ
പക്ഷേ എനിക്കും അതാവർത്തിക്കാതിരിക്കാനാവില്ല

എത്രയോ കാലമായി
ആളുകൾ കൊള്ളുന്ന അതേ മഴതന്നെയാണല്ലോ
നമ്മളും
ഇപ്പോൾ കൊള്ളുന്നത്.
പിന്നെന്താണ്!

 നാമിപ്പോൾ കടൽക്കരയിലാണ്
നിന്റെ മങ്ങിയ ചർമ്മത്തിൽ
ഞാൻ  വെയിലിന്റെ നടനവും നോക്കി ഇരിക്കും
നമ്മുടെ ഹൃദയത്തിനുള്ളിലൂടെ മുന്തിരിവള്ളികൾ വളരും
 ആരും കാണാതെ അവ പരസ്പരം കെട്ടുപിണയും
രക്തത്തിനിപ്പോൾ പഴുത്ത മുന്തിരിയുടെ രുചി കാണും,
ഒരു പക്ഷേ ചുണ്ടുകൾക്കും.

വാക്കുകളുടെ ആ കിളികൾ ഇപ്പോളുണർന്നിട്ടുണ്ടാവും
നാമവയെ കൂട്ടിലിട്ടിരിക്കുകയായിരുന്നല്ലോ
അവ മൗനത്തിന്റെ കൂടു പൊളിക്കാൻ ശ്രമിക്കുന്നുണ്ട്
നാമവയെ
പെട്ടെന്ന് സ്വതന്ത്രമാകാൻ  അനുവദിക്കില്ല.

ഇപ്പോൾ  നാം ഒരു  പാതയിലൂടെ നടക്കുകയാണ്.
ചുവന്ന മൺ പാതയിലൂടെ.
അതാണു രസം.
അപ്പോൾ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോകകയാണെന്നു തോന്നും
നമ്മൾ കൈകൾ കോർത്തുപിടിക്കും..
ആരോ  കൈവീശിക്കാണിക്കുന്നുണ്ട് നമ്മളെ
കാറ്റാണ് മരങ്ങളും ചെടികളുമാണ്.
അവയ്ക്കപരിതമല്ല
ആ വിരൽ പിടിച്ചുള്ള പോക്കുകകൾ,
അവർക്കപരിചിതമല്ല അത്തരം  തൊട്ടുരുമ്മലുകൾ,
നീണ്ട മൗനങ്ങളും.

ഒടുവിൽ നാം അവിടെ എത്തിച്ചേരും
അധികമാരുമില്ലാത്ത  ദേശത്ത്.
തെരുവിലിരുന്ന് കോഫി കുടിച്ചു കൊണ്ടിരിക്കുന്ന
അനേർകർക്കിടയിലേക്ക്
നമ്മൾ കയറിച്ചെല്ലും.

അപ്പോൾ അവർ   നമ്മളെ  തിരിച്ചറിയും, 
എഴുന്നേറ്റ് നിന്നു കൈയ്യടിക്കും.
അവിടെയുള്ളവർ
നമുക്കായി നൽകും  പൗരത്വത്തിന്റെ പുതിയ രേഖകൾ
നമ്മൾ  സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കും
അടച്ചിട്ട കൂടുവിട്ട്   
നമ്മുടെ വാക്കുകൾ ആകാശത്തേക്ക് പറക്കും

നോക്കൂ, അവ എത്രയധികം സന്തോഷത്തോടെയാണ്
ചിറകടിക്കുന്നതെന്ന്
നാം കണ്ടുപിടിച്ച് പുതിയ ദേശത്തിനു മീതെ
എത്ര ഉയരത്തിലാണ് അവ പറക്കുന്നതെന്ന്...

3 comments:

  1. തുടക്കം മുതല്‍ ഒടുക്കം വരെ സന്തോഷം!

    ReplyDelete
  2. എല്ലാം പഴയത് തന്നെ കവിതയുടെ കരളൊഴികെ.

    ReplyDelete
  3. സന്തോഷം തന്നെ ജീവിതം, സന്തോഷം തന്നെ ഈ വായനയും..!!

    ReplyDelete