Saturday, May 2, 2015

ചുവന്ന ട്യൂലിപ് പുഷ്പങ്ങൾക്കു മീതെ...

ഒരു നാരകമുള്ളുകൊണ്ട്
കുത്തിമുറിവേൽപ്പിക്കുന്നതുപോലെയാണത്.
വിവരണാതീതമാണതിന്റെ
കയ്പ്പൻ കടച്ചിലും
വേദനയും...

 
ഒരുമിച്ചു ചെലവഴിച്ച
പ്രശാന്തമായ ദിനരാത്രങ്ങളും
പങ്കുവെച്ച വാക്കുകളും
മധുരത്തിലേക്ക് അലിയിച്ചു ചേർത്ത നിമിഷങ്ങളും
എല്ലാം ഫലശൂന്യമായി നിൽക്കുന്ന വൃക്ഷത്തെപ്പോലെ
സങ്കടപ്പെടുത്തും.

നാം വേരുകളിലേക്ക് നോക്കും:
ജലം വലിച്ചെടുക്കാനുള്ള ശേഷി
അതിന്റെ കോശങ്ങൾക്ക്
കൈമോശം വന്നിരിക്കുന്നു.
ഭൂഗർഭ ജലം വഹിച്ചു കൊണ്ടുവരുന്ന
അതിന്റെ രഹസ്യപാതകൾ വരണ്ടു പോയിരിക്കുന്നു

 നാം നമ്മളെത്തന്നെയും
കരിഞ്ഞുണങ്ങിയവൃക്ഷങ്ങളെന്നു കരുതും
കാട്ടുതീയുടെ ചുവന്ന ട്യൂലിപ് നാളങ്ങൾക്ക് മീതെ
നാം നമ്മളെത്തന്നെ ചിതയിൽ വെക്കും

പറയാതെ പോയ വാക്കുകളുടെ
ചങ്ക്
ഏതെങ്കിലും നിമിഷത്തിൽ
പൊട്ടിത്തെറിക്കും

പിന്നെ
നമ്മൾ കത്തിത്തീരുന്നതും നോക്കി
നമ്മൾ സങ്കടപ്പെട്ടു നിൽക്കും
മറ്റാരോ ആണു ദഹിച്ചുതീരുന്നതെന്ന
വിചാരത്തിൽ..

3 comments:

  1. ആപൽക്കരമാം വിധം അസ്സഹനീയമായ ഒന്ന് കവിതക്ക് പുറകിൽ ചെങ്കനൽ കണ്ണ് കാട്ടി പേടിപ്പിക്കുന്നു ..

    സാന്നിധ്യം മാത്രമറിച്ച് മടങ്ങുന്നു.

    ReplyDelete
  2. മറ്റാരോ ആണ്. അത് ഞാനല്ല

    ReplyDelete
  3. നിസംഗമായി നാം നമ്മുടെ മരണം നോക്കി നിൽക്കുന്നത് ... നമ്മുടെ അവസ്ഥ ഭീതിതമായി തന്നെ തുടരുന്നു.

    ReplyDelete