Monday, April 15, 2013

ഏകാന്ധത

അന്ധത* എന്ന നോവൽ
വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സാവധാനം
മഞ്ഞുപാടം പോലെ വിചിത്രമായ ഒരു മങ്ങൽ
കണ്ണുകളെ മൂടുവാൻ തുടങ്ങി.
ഒന്നു കണ്ണുചിമ്മിയപ്പോൾ തന്നെ
തുഷാരബിന്ദുക്കളിൽ നിന്ന് പ്രഭാതം പോലെ
കാഴ്ച
പെട്ടെന്ന് വീണ്ടെടുക്കപ്പെടുകയും
വെട്ടിത്തിളങ്ങുകയും ചെയ്തു.

എങ്കിലും പേടിക്കാതിരുന്നില്ല.

അറിയാം
അന്ധത
ഏതുകാലത്തേക്കാളുമധികം 
ഭയാനകമാണിപ്പോൾ

ആ നേരത്ത്
'കിങ് ഓഫ് വാർഡ് 3'  എന്ന ദുഷ്ട കഥാപാത്രത്തെ
കണ്ണ് ഡോക്ടറുടെ ഭാര്യ കശാപ്പ് ചെയ്യുന്ന
ഉദ്വേഗജനകമായ സന്ദർഭം,
ആകാംഷയുടെ ഒരു നൂൽപ്പാലത്തിലൂടെ നടന്ന്
വായിക്കുകയായിരുന്നു.

പെട്ടെന്ന്
ചായ കുടിക്കണമെന്നു തോന്നി

കുറേ വാക്കുകൾ
ഒരു ചായയ്ക്കുവേണ്ടി
മുറിയ്ക്കകത്തേയ്ക്ക് കയറിപ്പോയി.

അകം നിശബ്ദമായി ചായയുടെ മണത്തിൽ
അലിഞ്ഞു ചേർന്നു...
തോട്ടത്തിൽ നിന്ന്
നുള്ളിയ ഇലയുടെ മണമുള്ള കാറ്റുമായി
പ്രിയംവദ വരുന്നതും നോക്കിയിരിക്കുമ്പോൾ
ആകസ്മികതയുടെ കുപ്പായമിട്ട് വന്നത്
പട്ടുരോമങ്ങൾ കൊണ്ട് മിനുസപ്പെട്ട
ഒരു പൂച്ച

ഞാൻ  അകത്തേയ്ക്ക് നോക്കി
നിശ്ശബ്ദതയിൽ അലിഞ്ഞുപോയവളെ
വാക്കുകൾ കൊണ്ട് തിരിച്ചു  വിളിച്ചു :
'ദേ നോക്കടീ,
നമ്മുടെ പൂമുഖത്ത്
പട്ടുരോമങ്ങളുള്ള ഒരു പൂച്ച'

സ്ത്രൈണമായ  ആകാംക്ഷകളെ
താലോലിക്കുന്ന മട്ടിൽ,
പൂച്ച
അതിപുരാതനമായ നായികഭാവം പൂണ്ട്
ചുറ്റും നോക്കിയിട്ട് എന്നോട് പറഞ്ഞു:
'പൂച്ചയല്ല ചേട്ടാ,
ഞാൻ ചേട്ടന്റെ പ്രിയംവദയാണ്'

സംസാരിക്കുന്ന ഒരു പൂച്ചയെ ,
(അതും ഭാര്യയാണെന്നവകാശപ്പെടുന്ന ഒരു പൂച്ചയെ)
സാധ്യതകളുടെയും
ആലീസിന്റെയും
അത്ഭുതലോകത്തിനു വെളിയിൽ,
ജീവനോടെ,
ആദ്യമായി കാണുകയായിരുന്നു.

എന്നിൽനിന്നു പുറപ്പെട്ടുപോയ ഒരൊളിനോട്ടം
പൂച്ചയേയും
പൂച്ചയിൽ നിന്നു പുറത്തേക്ക് ചാടിയ ഒരൊളിനോട്ടം
എന്നെയും
കൗതുകത്തോടെ
നിരീക്ഷിച്ചു കൊണ്ടിരുന്നു

ആ  വിധം മനോഹരമായി
നോക്കി നോക്കിയിരിക്കുമ്പോൾ
പൂച്ച
എന്റെ   ഇരിപ്പിടത്തിലേക്ക് ഒരത്ഭുതം തെറിപ്പിക്കുവാനും
പരിഭ്രമത്തിൽപ്പെട്ടുഴറുവാനും തുടങ്ങി.

പിന്നെ എങ്ങോട്ടെന്നില്ലാതെ
എവിടെയോ ഉണ്ടെന്ന് കരുതുന്ന എന്നെ ലക്ഷ്യമാക്കി
എട്ടു ദിക്കുകളിലേക്കും
വിളിച്ചു പറഞ്ഞു:

'നോക്ക് ചേട്ടാ, ചേട്ടന്റെ കസേരയിൽ ഒരു കുറുക്കൻ'

ഞാൻ എന്നെത്തന്നെ നിരീക്ഷിച്ചു കൊണ്ട്
ഭാര്യയാണെന്നവകാശപ്പെടുന്ന പൂച്ചയോട്
കയർത്തു

ഒരു കുറുക്കൻ സംസാരിക്കുന്നത്
കുട്ടിക്കഥയിലല്ലാതെ കേട്ടിട്ടില്ലെന്ന മട്ടിൽ
അവളെന്റെ മുഖത്തേയ്ക്കൊരു 
ചൂട്ട് വീശി

ഞങ്ങൾ പരസ്പരം
കുഴിച്ചു നോക്കി.

ഉണ്ടായ കിണറിന്റെ ആഴത്തിൽ
വെള്ളത്തിന്റെ ചില്ലു കണ്ണാടിയിൽ
അവളൊരു കുറുക്കനേയും
ഞാനൊരു പൂച്ചയേയും 
കണ്ടു

വിശേഷപ്പെട്ട ഒരു തരം ഏകാന്ധതയിൽ
ഞങ്ങളങ്ങനെ പരസ്പരം
കെട്ടുപിണയുവാൻ തുടങ്ങി.

വായിച്ചു തീരാത്ത നോവൽ
അതിന്റെ ക്ലൈമാക്സിനെ
താളുകൾക്കിടയിൽ അടക്കിപ്പിച്ചിരുന്നു..
-----------------------------------------------
*ഷൂസെ സരമാഗോവിന്റെ  ബ്ലൈൻഡ്നെസ് എന്ന നോവൽ.
ഇതിലെ ഒരു നഗരത്തിൽ
അന്ധത ഒരു പകർച്ച വ്യാധി പോലെപടരുന്നു.

11 comments:

  1. ഭ്രമാത്മകം

    ReplyDelete
  2. ഒന്ന് മറ്റൊന്നിനു വളമാകുന്നു ..സരമാഗു ഒരു കവിതക്ക്‌ വിത്തിടുന്നു ,അത് വളര്‍ന്നു ഒരു മരമാകുന്നു ,അവിടെ പൂച്ചയും കുറുക്കനും പരസ്പരം തിരിച്ചറിയുന്നു ..

    ReplyDelete
    Replies
    1. പൂച്ച കൂടുതൽ സുഖം തേടുന്നു...
      കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ

      രണ്ട് സ്ത്രീ-പുരുഷ സത്തകളുണ്ടല്ലോ

      Delete
  3. പുതിയ തീരങ്ങൾ..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  4. പൂച്ച ഭാര്യ കണ്ടത് നീലക്കുറുക്കനെയാണോ :)

    ReplyDelete
  5. Dream thing ..
    Nice
    All the best

    ReplyDelete
  6. ഞങ്ങൾ പരസ്പരം
    കുഴിച്ചു നോക്കി.

    ഉണ്ടായ കിണറിന്റെ ആഴത്തിൽ
    വെള്ളത്തിന്റെ ചില്ലു കണ്ണാടിയിൽ
    അവളൊരു കുറുക്കനേയും
    ഞാനൊരു പൂച്ചയേയും
    കണ്ടു

    വിശേഷപ്പെട്ട ഒരു തരം ഏകാന്ധതയിൽ
    ഞങ്ങളങ്ങനെ പരസ്പരം
    കെട്ടുപിണയുവാൻ തുടങ്ങി.


    :-) ബോധവും അബോധവും കെട്ടു പിണയുന്നു.

    ReplyDelete