Friday, May 13, 2011

ചിത്തരോഗികളുടെ ദൈവം

ഞാനായിരുന്നു അവനെങ്കിൽ
പറക്കുന്ന പക്ഷികളെയല്ല
ആകാശത്തിൽ തൂങ്ങി
ചരടിലാടിക്കളിക്കുന്ന
കിളികളേയാവും
സൃഷ്ടിച്ചിട്ടുണ്ടാവുക

എല്ലാവരുടേയും
ഉടലും തലകളൂം മാത്രമല്ല
അവയവങ്ങൾ തന്നെയും
നിമിഷങ്ങൾ തോറും
മാറ്റിവെച്ചുകൊണ്ടിരുന്നേനെ,
(ഞാനത്രമേൽ നീതിമാനാണെന്ന്
നിനക്കറിയാമല്ലോ)

മനുഷ്യന്റെ
കൈയ്യെത്താവുന്ന ദൂരത്തിനും
മുകളിലൂടെ സഞ്ചരിക്കുന്ന
വൃക്ഷങ്ങളേയും
ആകാശത്തേയ്ക്ക്
ലംബരേഖയിൽ നടന്നു പോകുന്ന
മൃഗങ്ങളേയും
നിർമ്മിച്ചേനെ

ദാ ഈ മലയുടെ
ചെരുവിൽക്കോർത്ത്
ഭൂകമ്പം,യുദ്ധം, മരണം, പ്രളയം
മഹാമാരിയെന്നൊക്കെയുള്ള ചിത്തഭ്രമങ്ങളെ
ചങ്ങലക്കിട്ടേനെ

എല്ലാം ഉത്സവങ്ങളും മടുത്തവർക്കായി
ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത
ഒരിടത്തേയ്ക്കുള്ള
അവസാനമില്ലാത്ത
ഒരിടനാഴി പണിയുമായിരുന്നേനെ

മടുപ്പിൽ നിന്ന്
ഉത്സാഹപൂവം നടന്നുപോകുന്നവരുടെ
നിഴലുകളെ
വട്ടമിട്ടുപിടിച്ചേനെ

ഞാനായിരുന്നു അവനെങ്കിൽ
ചുമരുകളും മതിലുകളും പണിയുന്നവനെ
ആരോരുമില്ലാത്ത
ഒരു തുറസ്സിൽകൊണ്ടു ചെന്നു
തള്ളിയേനെ...
(അവനുമറിയട്ടേ ചുമരുകൾ
ഇണകളാണെന്ന്,
ഉയർന്നുയർന്നു പോകുന്ന
നിശ്ചലമായ പ്രതീക്ഷകളാണെന്ന്)

ഞാനായിരുന്നു അവനെങ്കിൽ
മേഘങ്ങളെ
മധുരമുള്ള പലഹാരങ്ങളായി
താഴേയ്ക്കു പൊഴിച്ചിട്ടേനെ,
ഒരു കുഞ്ഞുങ്ങളും
വിശന്നുകരയാതിരുന്നേനെ

ഞാനായിരുന്നു അവനെങ്കിൽ
ജീവിതത്തേക്കാൾ മനോഹരമായ
ഒരു മരണത്തെ
ആവിഷ്കരിച്ചേനെ
പുഷ്പങ്ങൾക്കു പകരം
ചുണ്ടുകൾക്ക് സുഗന്ധം കൊടുത്തേനെ,
നോട്ടങ്ങളിൽ
ആയിരം വർഷത്തെ പഴക്കമുള്ള
വീഞ്ഞിന്റെ ലഹരികൾ
നിറച്ചേനെ,
ഭൂമിയെ
ഇതിലും ചെറുതാക്കി ചെറുതാക്കി
ഒരു മൺതരിയോളം ചെറുതാക്കി
നാവിൻ തുമ്പിൽ വെച്ചേനെ.

ഞാനായിരുന്നു അവനെങ്കിൽ
ഈവിധം
എന്നെത്തന്നെ
ഉന്മാദലിപികളിൽ
ആവിഷ്കരിക്കാതിരുന്നേനെ

21 comments:

  1. എന്റെ ദൈവമെ, ഒരുനാള്‍ നിന്നെ കണ്ടുമുട്ടിയാല്‍ നിന്നോട് പറയാന്‍ ഒന്ന് ഞാന്‍ കരുതിവച്ചിരുന്നു. ഇന്ന് അനിലന്‍ എന്നൊരു ചിത്തരോഗി നിന്നോടത് പറഞ്ഞിരിക്കുന്നു. നിന്റെ പ്രതികരണമാണ് എനിക്ക് അറിയേണ്ടത് .

    ReplyDelete
  2. അവന്‍ എന്നൊരാള്‍ ഉണ്ടെങ്കില്‍ അവന്‍ എന്നെക്കാള്‍ വലിയ ഒരു ചിത്തരോഗിയാണ് എന്നതില്‍ എനിക്ക് സംശയമില്ല. അവന്റെ ഉന്മാദ ലിപികളുടെ ആവിഷ്കാരം ആകുന്നു നമ്മള്‍ എല്ലാം തന്നെ.

    ReplyDelete
  3. അങ്ങിനെ(ആവാതിരുന്നത് കൊണ്ട്)കവിത വളരെ നന്നായി.

    ReplyDelete
  4. ഞാനായിരുന്നു അവനെങ്കിൽ
    ജീവിതത്തേക്കാൾ മനോഹരമായ
    ഒരു മരണത്തെ
    ആവിഷ്കരിച്ചേനെ............

    ReplyDelete
  5. എല്ലാം ഉത്സവങ്ങളും മടുത്തവർക്കായി
    ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത
    ഒരിടത്തേയ്ക്കുള്ള അവസാനമില്ലാത്ത
    ഒരിടനാഴി പണിയുമായിരുന്നേനെ... :)

    ReplyDelete
  6. അപ്പോ, താൻ അവനാകാത്തത് എത്ര നന്നായി അല്ലേ? ;)

    ReplyDelete
  7. ഉന്മാദികളുടെ ദൈവം - മൌലികതയുള്ള വിഷയം, കുറച്ചേറെ ഇടങ്ങളിൽ ഉന്മാദലിപികളാൽ എഴുതപ്പെട്ടവനാണല്ലോ കവി. മധുരം, സുഗന്ധം,ലഹരി- കവിത തന്നെ ചൊരിയട്ടേ! വിശക്കുന്നവന് അപ്പമാവാൻ മാത്രം ദൈവത്തോട് ഉന്മാദത്തിൽ പ്രാർത്ഥിക്കുക. നല്ല കവിത.

    ReplyDelete
  8. എല്ലാവരും അവനായി തീര്‍ന്നെങ്കില്‍...നല്ല കവിത..ഇഷ്ടപ്പെട്ടു..കവിക്ക് ഭാവുകങ്ങങ്ങള്‍

    ReplyDelete
  9. ഞാൻ അവനായിരുന്നെങ്കിൽ-- എന്തെല്ലാം മോഹങ്ങൾ നമുക്ക്. നന്നായിരിക്കുന്നു

    ReplyDelete
  10. ഞാനായിരുന്നു അവനെങ്കില്‍...

    മഴവില്ലിന്‍റെ വിത്ത് പാകി
    ഈ മരുഭൂമിയായ മരുഭൂമിയൊക്കെ...

    അസ്സലായി കവേ..

    ReplyDelete
  11. ഞാനായിരുന്നു അവനെങ്കിൽ
    ഈവിധം
    എന്നെത്തന്നെ
    ഉന്മാദലിപികളിൽ
    ആവിഷ്കരിക്കാതിരുന്നേനെ !!!!

    ReplyDelete
  12. നമിക്കുന്നു.... കവിത അസാദ്ധ്യം...

    ReplyDelete
  13. വിഷയം മനോഹരം. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  14. എല്ലാം ഉത്സവങ്ങളും മടുത്തവർക്കായി
    ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത
    ഒരിടത്തേയ്ക്കുള്ള
    അവസാനമില്ലാത്ത
    ഒരിടനാഴി


    നല്ല കവിത

    ReplyDelete
  15. ഉന്മാദ ഭഗവാൻ......നല്ലവൻ.

    ReplyDelete
  16. ഞാനായിരുന്നു അവനെങ്കിൽ
    മേഘങ്ങളെ
    മധുരമുള്ള പലഹാരങ്ങളായി
    താഴേയ്ക്കു പൊഴിച്ചിട്ടേനെ,
    ഒരു കുഞ്ഞുങ്ങളും
    വിശന്നുകരയാതിരുന്നേനെ

    ReplyDelete
  17. mahendar paranjapole assalaayi

    ReplyDelete
  18. അതിമനോഹരമായ ചിന്ത, ആശയം. ഇതിനൊന്നു കമന്റിയില്ലെങ്കില്‍ വേറെ എവിടെ കമന്റാന്‍. എല്ലാ മനുഷ്യരുടെയും മനസ്സിലെ, അധൈര്യം കൊണ്ട് ഒളിച്ചു വച്ച, ചിന്തകളുടെ ഒരു അംശമുണ്ട് ഈ കവിതയില്‍.

    ReplyDelete
  19. ഈ കവിത പല തവണ വായിച്ചു. മധുരമായി നാവിന്‍ തുമ്പില്‍ ഇരുന്നതുകൊണ്ടു ഒന്നും എഴുതാതെ പോയതാണ്. ഇനിയും വന്നു വായിക്കും.

    ReplyDelete