Friday, October 29, 2010

ഒരു മലയാളി വിദ്യാർത്ഥിയുടെ മരണം

സീൻ-
മംഗലാപുരത്തെ ഒരു വാടകവീട്
പുലർച്ച



ദുരൂഹസാഹചര്യം
പ്രേതസിനിമകളിലെ ഇടനാഴി
മരണത്തിനു മീതെ
ഭയത്തിന്റെ ഒരു തരം മുറുകിയ നിശ്ശബ്ദത
വലിച്ചു കെട്ടിയിരിക്കുന്നു.

കുളിമുറിയിൽ നിന്ന് പുറത്തേയ്ക്ക്
ഗർഭപാത്രത്തിൽ നിന്നെന്ന പോലെ
നിലയ്ക്കാത്ത രക്തപ്രവാഹം....
വാതിൽകടന്ന് പടികളിറങ്ങി തെരുവിലേയ്ക്ക്
രക്തത്തിലലിഞ്ഞലിഞ്ഞില്ലാതാകുന്നു
രണ്ട് കുഞ്ഞുകാലുകൾ

ചുമരിലെല്ലാം കവിതകൾ
മുറിയിലാകെച്ചിതറിക്കിടക്കുന്നു
പുസ്തകങ്ങൾ
സർജിക്കൽ ഇൻസ്ട്രുമെന്റുകൾ

സഹപാഠികൾ
സമയത്തിലേയ്ക്ക് നോക്കി
അസ്വസ്ഥരായി മടങ്ങി

സമയവിലയറിയാവുന്ന
ബിസിനസ് എക്സുക്യുട്ടീവിനെപ്പോലെ
ഒരുവളുടെ ഹൃദയം
വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു

ഡയറിയെഴുതാൻ
തിടുക്കത്തിൽ നടന്നു പോകുമ്പോൾ
അവളുടെ കണ്ണുകൾ അവസാനമായി
എന്റെ വസന്തമേ വിട എന്ന്
കൈവീശിക്കൊണ്ടിരുന്നു

ഡയറിയിലെ ഇന്നലത്തെത്താളിൽ
ഒരു കടൽ
തിരകളുടെ താളുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു...
ചക്രവാളത്തിന്റെ ചെരുവിലേയ്ക്ക്
പ്രണയത്തിന്റെ ചുവന്ന ചായപ്പാത്രം
മറിഞ്ഞുവീണ ആ നേരത്ത്
കാലിൽ കരിന്തേള്‌ കടിച്ചവളപ്പോലെ
ഒരു നിഴൽ ഏതോ ഗുഹയിലേയ്ക്ക് മടങ്ങി...
പ്രണയം കൊണ്ട് മുറിവേറ്റ കവിത
ഇരുട്ടിലലഞ്ഞഞ്ഞ്
ആടിയാടി
മുറിയിലേയ്ക്ക് ....

സൂര്യൻ എല്ലാവരോടും ചൂടായിക്കൊണ്ടിരുന്ന
പത്തരമണിനേരത്ത്
ഇന്റർവ്യൂവിനെന്ന പോലെ
പപ്പയും മമ്മിയും വന്നു.
വടിവൊത്ത മദ്ധ്യവയസ്കൻ
പട്ടുസാരിയും കല്ലുകമ്മലുമിട്ട്
തടിപിടിക്കുന്നൊരമ്മബിംബം.

കുളിമുറിയിൽ നിന്നും അപ്പോഴും
ഗർഭപാത്രത്തിൽ നിന്നെന്ന പോലെ
രക്തം ഒഴുകിക്കൊണ്ടിരുന്നു...

പൊലീസുകാർ
ആമ്പുലൻസ് വരുന്നതും കാത്ത്
ജനലിലൂടെ പുറത്തേയ്ക്ക് ...

മരിച്ചവന്റെ കവിളിലെ
രണ്ടുവരിക്കവിതയും
വറ്റിക്കഴിഞ്ഞിരുന്നു.

Thursday, October 28, 2010

രക്ഷകൻ

കാത്തു നിൽക്കുകയാണവൾ
അക്ഷമയുടെ തള്ള വിരൽ
നിലത്തുരച്ചുരച്ച്
പുലർച്ചയ്ക്ക്

ഏഴുമണിക്ക് വരാമെന്നു പറഞ്ഞവനെ
കാണുന്നതേയില്ല.
സമയം 7.30
...... 8.30
...... 11.30
...... 2.30

നിന്നു നിന്ന്
ഉടൽ ജലവാഹിനിയാകുന്നു
കാലിനു ചുവട്ടിലെ മണ്ണ്
ജലമാകുന്നു

ചുറ്റിലും
വായുവിന്റെ മലിനമായ കരയിൽക്കിടന്ന്
ശ്വാസംമുട്ടിപ്പിടയുകയാണ്‌
മനുഷ്യമത്സ്യങ്ങളുടെ ചാകര...
മണ്ണിനുള്ളിലേയ്ക്കൂളിയിട്ട് പോകുവാൻ വെമ്പുന്നു
പിടച്ചിലൊടുങ്ങാറായ
വെള്ളിപ്പരലുകൾ

കാത്തുനിൽക്കുകയാണവൾ
വൈകുന്നേരവും

വരാമെന്നു പറഞ്ഞവനെ
ഇത്രനേരമായിട്ടും
കാണുന്നതേയില്ല

സമയം 6.30
......7.30
......8.30

ഒടുവിൽ
ഒൻപതരയ്ക്കു വന്നുകൂട്ടിക്കൊണ്ടു പോയി
ഒരോട്ടോ റിക്ഷയിൽ

ഒരുമണിക്കൂറ് കഴിഞ്ഞ്
രണ്ട് പൊറോട്ടയും ഒരൗൺസ് വോഡ്കയും
നൂറ് രൂപയും കൊടുത്ത്
കേറ്റിയേടത്തുതന്നെ
എറക്കിയും വിട്ടു

അവൾ ഉപകാരസ്മരണയിൽ മതിമറന്ന്
ഒരു മെഴുകുതിരിയായി
ആ പാതിരാനേരത്ത് നിന്നു കത്തി:
ദൈവമേ
ഇന്നത്തേയ്ക്ക് രക്ഷപെട്ടു
എന്നെന്നുമിങ്ങനെ
നീ തന്നെ രക്ഷിക്കണേ

Saturday, October 16, 2010

ലിപി ജീവിതങ്ങൾ

കവി എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ 'ക' എന്ന ലിപി
ജീവിതം കാണുകയാണ്:

ഇടയ്ക്കിടയ്ക്ക് വിചാരിക്കുന്നുണ്ട്

ഒറ്റയാനാണെന്നും
സ്വതന്ത്രനാണെന്നും
ഒരു വിശുദ്ധവാഗ്ദാനങ്ങളുടേയും
കയറ് കെട്ടിത്തൂക്കി
നടക്കാത്തവനാണെന്നും ഒക്കെ

അപ്പോഴാവണം കാന്ത എന്നവാക്കിൽ നിന്ന്

'കാ' എന്നൊരു സുന്ദരലിപി വന്ന്
കഴുത്തിൽച്ചുറ്റുക.
ലിപി ജീവിതങ്ങളിൽ നിന്നു മുക്തനായ കവി
നിശാടനങ്ങളിലേക്ക്
വഴിതെറ്റിപ്പോയത് അങ്ങനെയാവണം

കവി
പുലർച്ചയ്ക്ക്
ഓർമ്മകളുടെ മഴക്കുളിരുള്ള
ജാലകത്തിലൂടെ നോക്കുമ്പോൾ
മഴയിലൂടെ കുടപിടിച്ച്
വെയിറ്റിങ്ങ് ഷെഡ്ഡിലേക്കു പോകുന്നു
'കി' എന്ന പഴയ കാമുകി.

വിളക്കുകാലിനു ചുവട്ടിൽ
നീണ്ട സൗഹൃദ സ്വരമുള്ള
'കീ' എന്ന എന്ന ചങ്ങാതി
എതോ ഒരു കാലം മറന്നുവെച്ചതുപോലെ ,
ഒരു പത്രം പോലും നിവർത്തിപ്പിടിക്കാതെ
ഒറ്റയ്ക്ക് നിൽക്കുന്നു.

കൂടെപ്പഠിച്ച 'ക്'എന്നൊരു കൂട്ടുകാരൻ
ഒരു കുട്ടമീനുമായി
പടിപ്പുര കടന്ന്
ഒരു കാർഡിയാക്ക് അറസ്റ്റ് പോലെ
മുറ്റത്തവതരിക്കുന്നു

ഊഷരഭൂമിയിൽ പഴയലിപിയിലെഴുതിയ
കു എന്നൊരു കൂട്ടുകാരി
ഒറ്റവൃഷണം മാത്രമുള്ള ഭർത്താവിനോടൊപ്പം
രജിസ്ട്രേഷനില്ലാത്ത ഡോക്ടറെക്കാണാൻ
പോകുന്നു...

'കൂ' എന്ന കൂത്തച്ചിപ്പെങ്ങൾ
വളവു തിരിഞ്ഞ്
കവലയിൽ വഴിപിഴച്ച്
ആജ്ഞാതഗന്ധർവനോടൊപ്പം
 എതിർദിശയിലേയ്ക്ക്...

കൃ എന്ന വഴികാട്ടി
തികച്ചും അലസനായി
പഴയ ഊഞ്ഞാൽക്കട്ടിലിൽത്തന്നെയിപ്പൊഴും...

ഓർമ്മയിൽ 'കെ' എന്നൊരു വൃദ്ധലിപി
ചെറുമകന്റെ പിന്നാലെ
വേച്ചു വേച്ച്
കടലുകാണാനും കാറ്റുകൊള്ളാനുമിറങ്ങുന്നു
വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാമെന്ന്
കക്കാടിനെ കടന്ന് ഒട്ടുദൂരം പോയി
ആരുമില്ലാത്ത ഭൂതകാലത്തിലേയ്ക്ക്
ഭയത്തോടെ തിരിഞ്ഞ് നോക്കുന്നു...

'കേ' എന്നൊരമ്മ
പഴയ ലാന്റ് ഫോൺ പിടിച്ച്
ദൂരദേശങ്ങളിലേയ്ക്ക് ചെവിയോർത്ത് നിൽക്കുന്നു...

കൈ എന്നൊരു ദീർഘപാതയിൽ
പ്രകടനത്തിന് ഇപ്പോഴുമുണ്ട്  ആ കഷണ്ടിത്തല
മുന്നിലോ പിന്നിലോ..

നഗരത്തിരക്കിലൂടെ
'കൊ'എന്നൊരു പരിചയക്കാരൻ
മുന്നിൽ കുട്ടിയും പിന്നിൽ ഭാര്യയുമായി
പെട്ടെന്ന് ബൈക്കോടിച്ച്
ഒരു ലോറിയുടെ
ചക്രവളവിനുള്ളിലേക്ക്....

പണ്ട് പെൻസിലും പേനയും മാത്രം
മോഷ്ടിച്ചിരുന്ന, 'കോ' എന്ന
പിൻബഞ്ചുകാരന്റെ മങ്ങിയ ചിത്രം
ഇടത്തും വലത്തും പൊലീസുകാരുമായി,
പത്രത്തിന്റെ ഉൾപ്പേജിൽ ...
'കൗ'എന്നൊരു ഭ്രഷ്ടകാമുകൻ
തകർന്നപ്രണയത്തിന്റെ
കീറച്ചിഹ്നത്തിലേയ്ക്കുറ്റു നോക്കി
ഒരേയിരുപ്പിൽ
ഒരു ജന്മം കുടിച്ചു തീർക്കുന്നു...

ഇടയിൽ'ക്ത'പോലെ ചിലത്
കൂട്ടക്ഷരങ്ങളായി വർഗ്ഗവഞ്ചനയിലും ,
കൂട്ടുവ്യാപാരത്തിലും,
മുഴുക്കുടിക്കൂട്ടങ്ങളിലും പെട്ടുപോകുന്നു.
'ഷ്ക്ക'പോലെ ചിലത് സംഘരതിയിലും
'ക്ക'പോലെ ചിലത് സ്വവർഗ്ഗരതിയിലും
തളർന്നുപോകുന്നു

 'ക' എന്ന ലിപി
ഓരോന്നാലോചിച്ച്
ഒടുവിലെ തിരിവിലെത്തുമ്പോൾ
'കം' എന്നൊരപരിചിതൻ
ഹലോ എന്നു പറഞ്ഞ് പരിചയം നടിക്കുന്നു;
അയാൾക്കു മുന്നിൽ
'ഠ' വട്ടത്തേക്കാൾ ചെറിയൊരു കുഴി.

മനസിലായില്ലല്ലോയെന്ന് നെറ്റിചുളിയുമ്പോൾ
ലിപി മാലയിലെ
ഒടുവിലത്തെ കക്ഷിയാണെന്ന്
വിസിറ്റിംഗ് കാർഡ് ഉയർത്തിക്കാട്ടും.

അപ്പോൾ 'ക' എന്ന ലിപി
ഹാ എന്നൊരത്ഭുതം  കലർന്ന്
'കഃ' എന്ന് രണ്ട് കണ്ണും വിടർന്ന്
മലർന്നടിച്ച് വീഴും.

ലിപികൾ
ജീവിതത്തിനും മരണത്തിനുമിടയിലുള്ള
അതിർത്തിയിൽ നിന്ന്
അവസാനത്തെ  വരമായ്ചു കളയും

Wednesday, October 13, 2010

പുരുഷോല്പത്തി -ഒരാഴ്ചക്കുറിപ്പ്

അവൻ കല്പിച്ചു:
'പാലും വെള്ളവും പഞ്ചസാരയും തിളച്ച്
ചായയുണ്ടാകട്ടെ'
ആവിപറക്കുന്ന നല്ലചായ
മേശപ്പുറത്ത് വന്നിരുന്നു
അവനത് മൊത്തിക്കുടിച്ചു.
നല്ലതെന്ന് കണ്ട് അവനതിനെ
മോണിങ്ങ് ടീ എന്ന് പേരുവിളിച്ചു
സന്ധ്യയായി
ഉഷസായി;
ഒന്നാം ദിവസം.

അവൻ അരുൾ ചെയ്തു:
'ദോശയുണ്ടാകട്ടെ'
ദോശയുണ്ടായി
ദോശ നല്ലത് എന്നവൻ കണ്ടു.
വട്ടവും വടിവുമൊത്ത ദോശ
ചട്ട്ണിയിൽ മുക്കി സാമ്പാറിൽ കുഴച്ച്
പാത്രം വടിച്ചു വെച്ച്
ഏമ്പക്കം വിട്ടെഴുന്നേറ്റു.
അങ്ങനെ സന്ധ്യയായി ഉഷസായി;
രണ്ടാം ദിവസം.

അവൻ ഉത്തരവിട്ടു:
'ജനൽ തുറന്ന് വെളിച്ചമുണ്ടാകട്ടെ,
പങ്ക കറങ്ങി കാറ്റു വീശട്ടെ,
ഋതുക്കൾ, കാറ്റുകൾ, കടലുകൾ ഉണ്ടാകട്ടെ,
ലോകം മുഴുവൻ നല്ല വൃത്തിയായിരിക്കട്ടെ'
-ഉണ്ടായവയെ നോക്കി
നല്ലതെന്നും വൃത്തിയുള്ളവയെന്നും
കരുതി അവൻ സന്തോഷിച്ചു.
അനന്തരം
സന്ധ്യയായി ഉഷസായി;
മൂന്നാം ദിവസം.

അവൻ വിധിച്ചു:
'കാടും മരങ്ങളും മലകളും പുഴകളും
എന്നെ നമിക്കട്ടെ'
സമസ്ത ജീവജാലങ്ങളും അവനെ നമിച്ചു.
അവന്‌ അഹന്തയായി
ശേഷം സന്ധ്യയായി
ഉഷസായി;
നാലാം ദിവസം.

അവൻ ഭരണഘടനയിലെഴുതി:
'സിംഹാസനമുണ്ടാകട്ടെ'
സിംഹാസനമുണ്ടായി.
സിംഹാസനം
സ്വർണ്ണമയവും മനോഹരവും
കാന്തികവുമായതിൽ
അവനാനന്ദിച്ചു
പിന്നെ സന്ധ്യയായി ഉഷസ്സായി;
അഞ്ചാം ദിവസം.

അവൻ ആജ്ഞാപിച്ചു:
'കിടപ്പറയിൽ സുഗന്ധവും ലഹരിയും
മക്കളുമുണ്ടാകട്ടെ'
കിടപ്പറയിൽ സുഗന്ധവും ലഹരിയും
അനേകം മക്കളുമുണ്ടായി.
തന്റെ ച്ഛായയിലും പ്രതിരൂപത്തിലും
അവരെ കാണുകയാൽ
അവൻ എത്രയുംസന്തുഷ്ടനായി
അങ്ങനെ സന്ധ്യയായി
ഉഷസായി;
ആറാം ദിവസം.


തന്റെ ഭവനം
പൂർത്തിയായതിൽ
അവൻ ആഹ്ളാദഭരിതനായി
തന്നെപ്പറ്റി അവനുതന്നെ
മതിപ്പു തോന്നി
ഏഴാമത്തെ ദിവസം
എന്തുകൊണ്ടും നല്ലതെന്നു കരുതി
അവനതിനെ വാഴ്ത്തി.
അതിനാൽ ആ ദിവസം
വിശ്രമിക്കാമെന്നു കരുതി
അതിന്മേൽ
ശയിയ്ക്കുവാനൊരുങ്ങി

വിയർപ്പിൽ കുളിച്ച്,
ആറ് ദിവസത്തെ വിഴുപ്പുകൾ മുഴുവൻ
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവൾ.

അനന്തരം
സന്ധ്യയായി...

കേരളപ്പക്ഷികൾ

ഇനി
നമ്മിലൊരാളിന്റെ
നിദ്രയ്ക്ക്
മറ്റെയാൾ
കൊതുകുതിരി കത്തിച്ച്
കാവൽ നിന്നീടുക.

ഒരു പൈന്റടിച്ചിനി
ഞാനുറങ്ങാം,
നീ ഉണർന്നിരിക്കുക.

Saturday, October 9, 2010

ചോദ്യമേ നീ മറ്റൊരു വിധത്തിലായിരുന്നെങ്കിൽ...

എഴുതപ്പെട്ടു കഴിഞ്ഞ
ഉത്തരങ്ങൾക്കെല്ലാം
കുറേക്കഴിയുമ്പോൾ
ചോദ്യങ്ങളോട് വെറുപ്പു തോന്നും.

നീ മറ്റൊരു തരത്തിലായിരുന്നെങ്കിൽ
ഞാനും മറ്റൊരു വിധത്തിലാവുമായിരുന്നെന്ന്
ഓരോന്നു പറഞ്ഞ്
തെറ്റും
അവർ തമ്മിൽ ഒടുവിൽ.

ചോദ്യത്തിന്‌ ചേർന്ന
കൃത്യമായ ഉത്തരമെന്ന്
നൂറിൽ നൂറ് മാർക്കിട്ടവർ
മൂക്കത്ത് വിരൽ വെച്ചുനിൽക്കുമ്പോൾ
ചോദ്യപ്പേപ്പർ ഒരു വഴിയ്ക്കും
ഉത്തരപ്പേപ്പർ വേറൊരു വഴിയ്ക്കും
കാറിൽ കയറി
അവരവരുടെ പാട്ടിനു പോകും

Thursday, October 7, 2010

കാർണിവോറസ്

മാംസത്തോട്
പൂർവജന്മത്തിലെ പുലിയെപ്പോലെ
അടങ്ങാത്ത
കൊതിയാണെനിക്ക്

കടിച്ചുകീറി
ചവച്ചരയ്ക്കണമെന്നുണ്ട്
ഒരാടിനെ
പന്നിയെ
പശുവിനെ
ഒരാനയെത്തന്നെ
മുഴുവനായി
പൊരിച്ചോ പച്ചയ്ക്കോ

-അതൊന്നുമില്ലെങ്കിൽ
ഒരു മുയലിനെയെങ്കിലും.

ഒരു പഴം പോലെ
തൊലിയുരിഞ്ഞ്
കഷണങ്ങളാക്കി മുറിച്ച്
നീ മുരിങ്ങക്കോലിൽ നിന്ന്
മുരിങ്ങ രസം കാർന്നെടുക്കുന്നതുപോലെ
എനിയ്ക്ക്
എല്ലിൽനിന്ന്
ഇറച്ചിയുടെ മൃദുല സുഖം
കാർന്ന് കാർന്നു തിന്നണം.

കുടിയ്ക്കണം ചുടുചോര
അണ്ഡകടാഹ വലുപ്പത്തിലൊരു
ചെമ്പുപാത്രം നിറയെ,
കത്തുന്നു
ദാഹമത്രയ്ക്കനുസരണയില്ലാത്ത
കാട്ടുതീപ്പടർച്ച.

അച്ഛന്‌ ദംഷ്ട്രകളും
മുത്തശ്ശന്‌ വളഞ്ഞുകൂർത്ത
നഖങ്ങളുമുണ്ടായിരുന്നു;
മുതുമുത്തശ്ശന്‌ നായാട്ടിനുള്ള അമ്പും വില്ലും.

നരഭോജിയോ
രാക്ഷസനോ
രക്തരക്ഷസ്സോ
ജന്മംതെറ്റി പിറന്നവനാണ്‌
ഞാനെന്ന്
ആരോ എന്റെ ജാതകം
രണ്ടായ് പകുത്ത് വായിയ്ക്കുന്നു

മാംസത്തിന്റെ രുചിയോർത്ത്
വിശന്നു വിശന്നു നടക്കുമ്പോൾ
എന്റെ വലയിൽ വീണത്
പൗരാണിക കഥയിൽനിന്നിറങ്ങി വന്ന
നീണ്ടകണ്ണുകളുള്ള
ഒരു പേടമാൻ

മൂക്കും മുലകളും
ചുണ്ടും കരൾപ്പൂക്കളും
തുടിതുടിച്ച തുടകളും

ദൈവമേ
മാംസത്തിന്റെ
മഹാത്ഭുത ദ്രവ പരിമളം!

ബാക്കിയിട്ടേച്ച് പോകുന്നു
കുറുനരികൾക്കുള്ള മുത്താഴം:

വെട്ടിച്ചെറുതാക്കിയ മുടി,
ഷാംപൂ മണം,
നട്ടെല്ലിന്റെ ചെറുമുള,
സ്വപ്നങ്ങളെല്ലാം ചുരന്നെടുക്കപ്പെട്ട തലയോട്ടി,
ക്യൂട്ടക്സിട്ട ചെറുനഖങ്ങൾ,
മനോഹരം മെഹന്തിയിട്ട ചിത്രവിരലുകൾ,
മുടിയിൽ ഞാന്നുകിടക്കുന്ന
പറന്നുപോകാനാവാത്ത
ചിത്രശലഭ ശില്പം കൊരുത്തിട്ട
ഒരു ഹെയർബാൻഡ്.